ജീവിതത്തിൽ ചില അവസരങ്ങളിൽ വിജയവും പരാജയവും നേരിടേണ്ടിവരാറുണ്ട് .ഓരോ തോൽവിയിലും തളരാതെ മുന്നേറാനുള്ള കരുത്തു സ്വന്തം ഉള്ളിൽ നിന്ന് തന്നെ കണ്ടെത്തണം.അങ്ങനെ ജീവിച്ചു കാണിച്ച ഒരുപാടുപേരുണ്ട്.അതിൽ ഒരാളാണ് ആശിഷ് ഹേംറജാനി.
ഒരു സിനിമ കാണണമെന്ന ആഗ്രഹത്തോടെ തിയറ്ററിലെ നീണ്ട ക്യുവിൽ മണിക്കൂറുകളോളം കാത്തു നിന്ന് അവസാനം ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടിവരുന്നവരുടെ നിരാശ അതനുഭവിച്ചവർക്കേ മനസ്സിലാവൂ. ടിക്കറ്റ് ലഭിക്കുമോ എന്ന ആകുലതയാൽ തീയേറ്ററുകളിൽ നിന്നും വിട്ടുനിന്നിരുന്നത് നിരവധി ആളുകളാണ്. എന്നാൽ ഇന്ന് നീണ്ട ക്യൂ എന്ന പേടിസ്വപ്‌നം ഒഴിവാക്കി മനസമാധാനത്തോടെ മുൻകൂറായി ടിക്കറ്റെടുത്തു സിനിമ ആസ്വാദിക്കാനുള്ള സൗകര്യമുണ്ട്. ഇരുപത്തിനാലുകാരനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിലുദിച്ച ഒരാശയമാണ് ഇന്ത്യയിൽ സുഗമമായി ടിക്കറ്റെടുത്തുകൊണ്ടു തിയേറ്ററിലെത്താൻ വഴിയൊരുക്കിയത്. ഇതിലൂടെ സിനിമ വ്യവസായത്തിന് തന്നെ വമ്പിച്ച മുന്നേറ്റമുണ്ടാകാനുമായി.
മുംബൈ സർവകലാശാലയിൽ നിന്നും മാനേജ്‌മന്റ് പഠനം പൂർത്തീകരിച്ചു ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആശിഷ് ഹേംറജാനിക് 1999ൽ ദക്ഷിണാഫ്രിക്കയിലേക്കു ഒരു യാത്ര പുറപ്പെട്ടു. അവിടെ ഒരു പാർക്കിലെ മരത്തണലിൽ റേഡിയോ സ്രവിച്ചുകൊണ്ടിരിക്കെയാണ് ആശിഷിന്റെ മനസ്സിൽ ഒരാശയം പിറന്നത്. റഗ്ബി മത്സരം കാണാനായി ടിക്കറ്റുകൾ ഒരുക്കികൊടുക്കുന്ന കമ്പനികളുടെ റേഡിയോ പരസ്യം കേട്ടപ്പോൾ എന്തുകൊണ്ട് ഈ സംവിധാനം ഇന്ത്യയിലും ഏർപെടുത്തിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് സിനിമക്കുള്ള ടിക്കറ്റുകൾ തരപ്പെടുത്തികൊടുക്കാനൊരു കമ്പനി തുടങ്ങാനുള്ള തീരുമാനമെടുത്തത്.ഇന്ത്യയിൽ തിരിച്ചെത്തിയ ആശിഷ് ജോലി ഉപേക്ഷിച്ചു സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചു. രണ്ടു സുഹൃത്തുക്കളേയും കൂടെ ചേർത്തുകൊണ്ട് ബിഗ് ട്രീ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു സ്ഥാപനം. ആശിഷിന്റെ കിടപ്പുമുറി ആയിരുന്നു കമ്പനിയുടെ ആസ്ഥാനം.
ഉപഭോക്താക്കൾക്കു സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഒരു വെബ്‌സൈറ്റ് തുടങ്ങി.ഓൺലൈൻ പേയ്‌മെന്റ് അക്കാലത്തു ഇല്ലാതിരുന്നതിനാൽ ആവശ്യകാർക്ക് ടിക്കറ്റുകൾ അവരുടെ പക്കൽ എത്തിച്ചു നൽകി ആയിരുന്നു തുടക്കം. നൂറ്റിഅൻപതോളം ജീവനക്കാർ ടിക്കറ്റുകൾ എത്തിച്ചു നൽകാൻ ബൈക്കുകളിൽ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. 2002ൽ ആഗോളതലത്തിൽ വെബ്‌സൈറ്റ് അധിഷ്‌ഠിത വ്യവസായങ്ങൾക്കു നേരിട്ട ആഘാതം ആശിഷിന്റെ കമ്പനിയേയും ബാധിച്ചു.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ജീവനക്കാരുടെ എണ്ണം കുറച്ചു. വേതനവും വെട്ടികുറക്കേണ്ടിവന്നു. കമ്പനി പൂട്ടിപോവേണ്ട സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനിന്നു. തന്റെ ആശയം ലോകം ഏറ്റെടുക്കും എന്ന ഉറച്ച വിശ്വാസം ആശിഷിനുണ്ടായിരുന്നു.
2002ൽ ജെ.പി മോർഗനിൽ നിന്നും ലഭിച്ച സാമ്പത്തിക പിന്തുണയും പുതിയ മൾട്ടിപ്ലക്‌സ് തിയറ്ററുകളുടെ കടന്നുവരവും കമ്പനി വളരാൻ കാരണമായി. ഇന്ത്യയിലെ മൾട്ടിപ്ലക്‌സ് കമ്പനികൾക്കു ആവശ്യമായ ടിക്കറ്റ് സംവിധാനത്തിനുള്ള സോഫ്റ്റുവെയറുകൾ നിർമിച്ചു നൽകിയാണ് കമ്പനി പിടിച്ചു നിന്നത്. "ഗോ ഫോർ ടിക്കറ്റിങ്" എന്ന പേരിൽ ആരംഭിച്ച ടിക്കറ്റ് സേവനം 2002ൽ "ഇന്ത്യ ടിക്കറ്റിങ്" എന്ന പേരിലും ഇന്ന് "ബുക്ക് മൈ ഷോ" എന്ന പേരിലും അറിയപ്പെടുന്നു. ബുക്ക് മൈ ഷോ മൊബൈൽ ആപ്പിന്റെ സഹായത്താൽ ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഐപിഎൽ പോലുള്ള സ്പോർട്സ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളും വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കി. ആശിഷിന്റെ കിടപ്പുമുറിയിൽ തുടങ്ങിയ കമ്പനിയുടെ പ്രവർത്തനം വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. മൂവായിരത്തിലേറെ മൂല്യമുണ്ട് ഇന്ന് ഈ സംരഭത്തിന്.
തോൽവിയിൽ തളരാത്ത മനസ്സും, വിജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയം ഉറപ്പിക്കാം.