2020, മേയ് 31, ഞായറാഴ്‌ച

ദാരിദ്ര്യത്തിൽ നിന്നും സമ്പന്നതയിലേക്കു

അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ 1863  ജനുവരി ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ അടിമത്വ വിമോചന പ്രഖ്യാപനം നടത്തുന്നത്. ദശലക്ഷക്കണക്കിനു ആഫ്രിക്കൻ വംശജരായ അടിമകളെ സ്വാതത്രത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ച പ്രഖ്യാപനം. മാഡം സി.ജെ വാക്കർ എന്ന പേരിൽ പ്രസിദ്ധയായ സാറാ ബ്രീഡ്‌ലൗ ജനിച്ചത് 1867 ലാണ്. അതിനാൽ അവളുടെ മാതാപിതാക്കളെയും മൂത്ത സഹോദരങ്ങളെയും പോലെ അടിമയായി ജനിക്കേണ്ടി വന്നില്ല.


സ്വന്തം പ്രയത്നത്താൽ അതിസമ്പന്നയായ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിത എന്ന നിലയിലാണ് വാക്കർ ചരിത്രത്തിൽ ഇടം നേടിയത്. മികച്ച സംരംഭക എന്നതിലുപരി സാമൂഹിക പ്രവർത്തക, തൊഴിൽ പരിശീലക, പ്രചോദന പ്രഭാഷക എന്നീ നിലകളിലൊക്കെ അവർ ഖ്യാതി നേടി. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച സംരംഭകരുടെ പട്ടികയിൽ അവർ മുൻനിരയിലുണ്ട്.സ്വാപ്നസമാനമായ ഉന്നത ജീവിതത്തിലേക്ക് നടന്നടുക്കുമ്പോഴും പ്രതീക്ഷയറ്റ ആയിരകണക്കിന് പെൺകുട്ടികൾക്ക് ഒരു പുതിയ ജീവിതം നൽകാനും മാഡം സി.ജെ വാക്കർക്കു  കഴിഞ്ഞു. സാറാ ബ്രീഡ്‌ലൗ  ഏഴാമത്തെ വയസ്സിൽ അനാഥയായി. ജേഷ്ടസഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞ അവൾ പതിനാലാമത്തെ വയസ്സിൽ വിവാഹിതയായി പതിനേഴാമത്തെ വയസ്സിൽ അമ്മയായി. ഇരുപതാമത്തെ വയസ്സിൽ ഭർത്താവ് മോസസിന്റെ മരണത്തെത്തുടർന്ന് വിധവ ആയ അവരുടെ പിന്നീടുള്ള ജീവിതം ക്ലേശകരമായിരുന്നു. മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനുള്ള പണം കണ്ടെത്താൻ വിവിധ ജോലികൾ ചെയ്തു. ഇക്കാലത്തു തന്റെ സമൂഹത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ അവർ ശ്രദ്ധിച്ചത്. താനടക്കമുള്ള ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളുടെ വലിയൊരു പ്രശ്നമായിരുന്നു താരനും മുടികൊഴിച്ചിലും. വല്ലപ്പോഴും മാത്രം കുളിക്കുന്നതും ശുചിത്വമില്ലായ്മയുമാണ്  മുടികൊഴിച്ചിലിനു കാരണമെന്നു അവർ മനസിലാക്കി.ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ അവർ മുന്നിട്ടിറങ്ങി.


മുടികൊഴിച്ചിൽ തടയാനുള്ള മരുന്ന് കണ്ടെത്താൻ നിരവധി ഗവേഷണങ്ങൾ നടത്തി. വളരെക്കാലത്തെ പ്രയ്തനങ്ങൾക്കൊടുവിൽ സാറ വികസിപ്പിച്ചെടുത്ത ഹെയർ ഓയിൽ സ്വന്തം തലയിൽ പരീക്ഷിച്ചു. വളരെ ഫലപ്രദമായ തൻ്റെ കണ്ടെത്തൽ കൂടുതൽ സ്ത്രീകളിലേക്കു അവർ എത്തിച്ചു. കൂടുതൽ ആവശ്യക്കാരെത്തിയതോടെ വ്യവസായികമായ ഉത്പാദനം ആരംഭിച്ചു.വീടുവീടാന്തരം കയറിയിറങ്ങിയുള്ളതായിരുന്നു വില്പന. അതിനായി ആയിരകണക്കിന് പെൺകുട്ടികളെയും നിയമിച്ചു. പടിപടിയായി അവർ അമേരിക്കയിൽ അറിയപ്പെടുന്ന സംരംഭകയായി. ഇതിനിടെ ചാൾസ് വാക്കറെ വിവാഹം കഴിച്ചതോടെയാണ് മാഡം സി.ജെ വാക്കർ എന്ന പേര് അവർ സ്വീകരിച്ചത്. സ്വന്തം പേരിൽ അവർ പുറത്തിറക്കിയ സൗന്ദര്യ വർധക ഉത്പന്നങ്ങൾ വിപണി കീഴടക്കി.


അതിസമ്പന്നയായ വാക്കർ തൻ്റെ സമ്പത്തിന്റെ നല്ലൊരു വിഹിതം ആഫ്രിക്കൻ അമേരിക്കൻ സ്ത്രീകളുടെ ഉന്നമനത്തിനായി വിനിയോഗിച്ചു. അവരിൽ ആത്മാഭിമാനം ഉണർത്താനും സ്വന്തം കാലിൽ നിൽക്കാനും പ്രേരണ നൽകി. കറുത്ത വർഗ്ഗക്കാർ  കടുത്ത അവഗണയും പീഡനങ്ങളും നേരിടുന്ന കാലത്താണ് മാഡം സി.ജെ വാക്കർ അവർക്കു പ്രത്യാശയും പ്രചോദനവും നൽകിയത്. "അവസരങ്ങളെ പ്രതീക്ഷിച്ചിരിക്കാതെ അവ കണ്ടെത്തുക" എന്ന് വാക്കർ അവരെയും പ്രചോദിപ്പിച്ചു. അമ്പത്തൊന്നാം വയസ്സിൽ അവർ മരിക്കുമ്പോൾ ഇരുപത്തിനായിരത്തിലേറെ സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഒരു മഹാപ്രസ്ഥാനം പടുത്തുയർത്താൻ അവർക്കു കഴിഞ്ഞു. ഇച്ഛാശക്തിയോടെയും സ്ഥിരോത്സാഹത്തോടെയും പ്രവർത്തിച്ചാൽ ഏതൊരാൾക്കും വിജയിക്കാൻ കഴിയും എന്ന് തെളിയിച്ച മാഡം സി.ജെ വാക്കർ ഇന്നും ലോകമെമ്പാടുമുള്ള  സംരംഭകരുടെ മാതൃകയാണ്.