പത്തു വയസ്സുള്ളപ്പോൾ മനസ്സിൽ കടന്നുകൂടിയ സ്വപ്നമാണ് മാത്സുഹിസയെ പാചകരംഗത്തെ സവിശേഷ വ്യക്തിത്വമാക്കിയത്. അമ്മയോടൊപ്പം ജപ്പാനിലെ ഒരു റസ്‌റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചപ്പോൾ പരമ്പരാഗതമായ ജപ്പാൻ വിഭവമായ സൂഷിയിൽ അദ്ദേഹത്തിന്റെ മനസ്സുടക്കി.ഭാവിയിൽ തനിക്കും സൂഷി വിഭവങ്ങൾ ഒരുക്കുന്ന ഒരു പാചകവിദഗ്‌ധനാവണം എന്ന് സ്വപ്‌നം കണ്ടു. പിന്നീടങ്ങോട്ട് സ്വപ്‍ന സാക്ഷത്കാരത്തിനായുള്ള ശ്രമങ്ങളായിരുന്നു. 1949ൽ ജപ്പാനിൽ ജനിച്ച മാത്സുഹിസിക് ഏഴ് വയസ്സുള്ളപ്പോൾ പിതാവ് വാഹനാപകത്തിൽ മരിച്ചു.പിന്നീട് മൂത്ത രണ്ട് സഹോദരങ്ങൾ കൂടി അടങ്ങിയ കുടുംബത്തെ മാതാവാണ് സംരക്ഷിച്ചത്. സ്കൂൾ പഠനത്തിന് ശേഷം അദ്ദേഹം ഒരു റസ്‌റ്ററന്റിൽ ജോലിയിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നു വർഷം ഭക്ഷണം പാകം ചെയ്യുന്ന പ്രദേശത്തേക് പോലും അടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. പാത്രം കഴുകലും തറ വൃത്തിയാക്കലും മാത്രമായിരുന്നു ജോലി.
പാചകക്കാരുടെ കുറവു വന്നപ്പോഴാണ് ആ രംഗത്തേക് കാലെടുത്തു വയ്ക്കാൻ മത്സുഹിസക്കു അവസരം ലഭിച്ചത്. പിന്നീട് നാലു വർഷം ആത്മാർപ്പണത്തോടെ തൊഴിലെടുത്ത് ആ രംഗത്തെ ഒരു വിദഗ്ധനാകാൻ അദ്ദേഹത്തിനായി. റസ്റ്റോറന്റിലെ സ്ഥിരം സന്ദർശകനായിരുന്ന ഒരു പെറു വംശജൻ സ്വന്തമായി ഒരു സംരംഭം തുടങ്ങാനായി മത്സുഹിസയുടെ കൂടെ ചേർത്തു. ഇരുപതിനാലാമത്തെ വയസ്സിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ പങ്ക് വ്യാപാരമായി റസ്‌റ്ററന്റ് ആരംഭിച്ചു. മികച്ച ഭക്ഷണം ഒരുക്കികൊണ്ട് ശ്രദ്ധനേടിയ നോബു മത്സുഹിസയുടെ കൈപ്പുണ്യം പെറുവിൽ ഖ്യാതി നേടി. മികച്ച നിലവാരമുള്ള മത്സ്യങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങളിലൂടെയാണ് അദ്ദേഹം രുചിക്കൂട്ട് ഒരുക്കിയത്. ലാഭത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച പങ്കാളി വില കുറഞ്ഞ നിലവാരമില്ലാത്ത മത്സ്യങ്ങൾ ഉപയോഗിക്കാൻ നിർബന്ധം തുടങ്ങിയതോടെ പങ്ക് കച്ചവടം അവസാനിപ്പിച്ചു.
പിന്നീട് അലാസ്‌കയിൽ സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചെങ്കിലും അത് കത്തിനശിച്ചതോടെ സർവ്വ സമ്പാദ്യവും നഷ്ടപ്പെട്ടു. അമേരിക്കയിലേക് കുടിയേറിയ അദ്ദേഹം പാചകത്തൊഴിലാളിയായി പണിയെടുത്ത് സമ്പാദിച്ച പണം ചേർത്തുവെച്ച് 1987ൽ മാത്‌സുഹിസ എന്ന പേരിൽ ആരംഭിച്ച റസ്‌റ്ററന്റ് വൻ വിജയമായി. മാത്‌സുഹിസ യിലെ നിത്യ സന്ദർശകനായിരുന്ന പ്രശസ്ത ഹോളിവുഡ് താരം റോബർട്ട് ഡിനീറോയുടെ പ്രേരണയാൽ 1993ൽ 'നോബു ' എന്ന പേരിൽ റസ്‌റ്ററന്റ് ശൃംഖലയ്ക്ക് തുടക്കംകുറിച്ചു. ഇപ്പോൾ ലോകമെമ്പാടുമായി 32 റസ്‌റ്ററന്റുകളിൽ രുചിക്കൂട്ടുകളെ വിസ്മയമൊരുക്കി 'നോബു 'എന്ന ബ്രാൻഡ് തലയെടുപ്പോടെ പ്രവർത്തിക്കുന്നു.
"പണമോ പ്രശസ്‌തിയോ ആയിരുന്നില്ല തൻ്റെ ലക്ഷ്യം. ഞാനുണ്ടാക്കിയ വിഭവങ്ങൾ ആസ്വദിക്കുന്നവരുടെ സംതൃപ്തി ആയിരുന്നു എന്റെ ചെറുപ്പം മുതലുണ്ടായിരുന്ന സ്വപ്നം " മാത്‌സുഹിസ പറയുന്നു.