2020, ജൂൺ 5, വെള്ളിയാഴ്‌ച

വിജയത്തിലേക്കൊരു യാത്ര

ദീപാവലി അവധിക്ക് നാട്ടിൽ പോകാൻ ബസ് ടിക്കറ്റ് കിട്ടാതെ വലഞ്ഞ  പണീന്ദ്ര  സമ എന്ന ചെറുപ്പക്കാരന്റെ യാത്ര ചെന്നെത്തിയത് കോടാനുകോടി വിറ്റുവരവുള്ള   ഒരു സംരംഭത്തിലാണ്.പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി  ആൻഡ് സയൻസിൽ (BITS) നിന്നും പഠിച്ചിറങ്ങിയ  പണീന്ദ്ര ബെംഗളൂരിലെ  ടെക്‌സാസ് ഇൻഡസ്ട്രീസീലായിരുന്നു ജോലി ചെയ്തിരുന്നത്. 2005ലെ ദീപാവലി അവധിക്ക്  സ്വദേശമായ ഹൈദരാബാദിലേക്ക് ഒരു ബസ് ടിക്കറ്റ്  ലഭ്യമാകാൻ നന്നേ പാടുപെട്ടു. പത്തോളം ട്രാവൽ  ഏജൻസികളെ  സമീപിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. യാത്ര മുടങ്ങിയെങ്കിലും ബസ് ടിക്കറ്റ് ബുക്കിങ്ങിനുള്ള ബുദ്ധിമുട്ട് അവസാനിപ്പിക്കാനുള്ള ഒരു പരിഹാരം കണ്ടെത്താമെന്ന ദൃഢനിശ്‌ചയത്തോടെ ആയിരുന്നു പണീന്ദ്ര തന്റെ താമസ സ്ഥലത്തേക്ക് മടങ്ങിയത്.   




യാത്രക്കാർക് ട്രാവൽ ഏജൻസികളിൽ കയറിയിറങ്ങാത്ത ഏതൊക്കെ ബസ്സുകളിൽ സീറ്റുകൾ ലഭ്യമാണെന്ന് അറിയാനും ബുക്ക്‌ ചെയ്യുവാനും സൗകര്യമൊരുക്കുന്ന ഒരു പോർട്ടൽ നിർമിക്കുകയായിരുന്നു ലക്ഷ്യം. സഹപാഠികളായ ചരൺ പദ്‌മരാജുവിന്റെയും സുധാകറിന്റെയും സഹകരണത്തോടെ അഞ്ചുലക്ഷം രൂപ ചെലവിൽ പോർട്ടൽ നിർമ്മിച്ചെങ്കിലും ബസ്സുടമകളും ട്രാവൽ ഏജന്റുമാരും സഹകരിക്കാൻ തയ്യാറായിരുന്നില്ല. കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറുമൊന്നും പരിചിതമല്ലാതായിരുന്ന ബസ് ജീവനക്കാർ മുഖം തിരിച്ചതോടെ പുതിയ  തന്ത്രം ആവിഷ്കരിക്കേണ്ടിവന്നു. യാത്രക്കാർക്കായി  ഒരു  വെബ്  സൈറ്റുണ്ടാക്കി.  സീറ്റ്‌ ആവശ്യമുള്ളവർ ഫോണിലൂടെ വിളിച്ചറിയിച്ചാൽ ബസ് ഓപ്പറേറ്റർമാരുമായി  ബന്ധപ്പെട്ട് സീറ്റൊരുകുന്ന സംവിധാനമായി.പിന്നീട് SMS  ലൂടെ  ടിക്കറ്റെടുക്കുന്ന സംവിധാനമായി. ബെംഗളൂരിലെ ഐടി സ്ഥാപനങ്ങളിൽ കയറിയിറങ്ങി യാത്രക്കാരെ കണ്ടെത്തി. പണീത്രയുടെയും  സുഹൃത്തുക്കളുടെയും ശ്രമഫലമായി ബസ് ടിക്കറ്റ് വിൽപനയിൽ വർദ്ധന വന്നതോടെ പുറംതിരിഞ്ഞുനിന്ന ബസ് ഓപ്പറേറ്റര്മാരും ട്രാവൽ ഏജൻസികളും പുതിയ ആശയത്തെ സ്വീകരിച്ചുതുടങ്ങി . യാത്രക്കാരേയും ബസ് ഓപ്പറേറ്റർമാരെയും ട്രാവൽ ഏജൻസികളെയും ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ രൂപപ്പെടുത്തി. 2007ൽ രാജ്യത്തെ പ്രമുഖ ട്രാവൽ കമ്പനികളെയെല്ലാം ഉൾപെടുത്തികൊണ്ട് റെഡ് ബസ് എന്ന ഓൺലൈൻ ബുക്കിങ് സംവിധാനം വിപുലമാക്കി. ആദ്യ വർഷം 50 ലക്ഷം രൂപക്കുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വിറ്റു. തൊട്ടടുത്ത വർഷം 2008ൽ വിൽപന 5 കോടിയിലേക്കും 2009ൽ 30 കോടിയിലേക്കും 2010ൽ 60 കോടിയിലേക്കും വിൽപന കുതിച്ചുയർന്നു. 2013ൽ വിൽപന 600 കോടിയെത്തി.



കർണാടക സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ടുമായി വ്യാപര കരാറുണ്ടാക്കിയതും സ്മാർട്ട്‌ ഫോണുകളുടെ കടന്നുവരവും വിൽപന ഉയർത്താൻ കാരണമായി. പണീന്ദ്ര സമ എന്ന ചെറുപ്പക്കാരൻ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സുഹൃത്തുക്കളുടെ സഹായത്താൽ സമാഹരിച്ച 5 ലക്ഷം രൂപയ്ക്ക് തുടങ്ങിയ കമ്പനി മുപ്പത്തിരണ്ടാമത്തെ വയസ്സിൽ വിറ്റപ്പോൾ ലഭിച്ചത് എണ്ണൂറ്   കോടിയോളം രൂപയാണ്. സൗത്ത് ആഫ്രിക്കയിലെ മാധ്യമ ഭീമൻ നാസ്‌പേഴ്സിന്റെ ഇന്ത്യൻ ഘടകമായ ഐബി ബോയാണ് റെഡ് ബസ് ഏറ്റെടുത്തത്. ലോകത്തെ ഏറ്റവും മികച്ച 50 അതിനൂതന ആശയങ്ങളിൽ ഒന്നായി ലോകോത്തര ബിസിനസ് മാഗസിൻ 'ഫാസ്റ്റ് കമ്പനി' 'റെഡ് ബസി' നെ തിരഞ്ഞെടുത്തു. ജീവിതത്തിലുണ്ടാകുന്ന ചില പ്രതിസന്ധികൾ പുതിയ ആശയങ്ങൾക്ക്  വഴിയൊരുക്കും. റെഡ് ബസ് എന്ന ആശയം പലരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ സഹായകമായതോടെയാണു കൂടുതൽ ജനകീയമായത്.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ