ആരെയും കുറ്റപെടുത്തിയിട്ടു കാര്യമില്ല, എൻ്റെ മടിയാണ് തോൽവിക്കു കാരണം. പരാജയപ്പെടുമ്പോഴൊക്കെ ഇങ്ങനെ സ്വയം കുറ്റപ്പെടുത്തുന്നവരാണ് ഏറെയും.തോൽവി സംഭവിച്ചവർക്കൊക്കെ ഒരു കാര്യം ഉറപ്പാണ്, താൻ കുറേക്കൂടി പരിശ്രമിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലം ലഭിച്ചേനെ. എന്നാൽ ഈ ചിന്ത വരുന്നത് പരാജയം സംഭവിക്കുമ്പോൾ മാത്രമാണ്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യുമ്പോൾ മാത്രമാണ് കാര്യക്ഷമത കൈവരിക്കാൻ കഴിയുക. ചെയ്യേണ്ട കാര്യങ്ങളെ ചെയ്യേണ്ട സമയത്തു ചെയ്യാതിരിക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന ശീലത്തിനാണ് അലസത അഥവാ മടി എന്ന് വിശേഷിപ്പിക്കുന്നത്.
പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരൻ ജൂൾസ് റെനാർഡിന്റെ അഭിപ്രായത്തിൽ "അലസത എന്നത് ഒരു ശീലമാണ്, ഷീണിതനാവുന്നതിനു മുമ്പ് വിശ്രമിക്കുന്ന ശീലം." വിശ്രമം ഏതൊരാൾക്കും ആവശ്യമാണ്. എന്തെങ്കിലും തൊഴിലെടുത്തതിന് ശേഷം ഷീണമകറ്റാനുള്ള വിശ്രമം ആസ്വാദകരമാണ്. എന്നാൽ ഒരു പണിയും എടുക്കാതെ സദാ വിശ്രമിക്കണമെന്നുള്ള ചിന്തയാണ് മടിയായി മാറുന്നത്. കാലത്തു ഉണരുന്ന ഒരു വിദ്യാർഥിക്കു തനിക്കു ധാരാളം കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന ബോധ്യമുണ്ട്. എന്നാൽ കുറച്ചു നേരം കൂടി മൂടിപ്പുതച്ചു ഒന്നുറങ്ങിയിട്ടു എണീക്കാം എന്ന് ചിന്തിക്കുന്നതാണ് മടി. ഉണർന്ന് എണീറ്റ് പഠിക്കാൻ ഒരു കാരണം വേണം. ആ കാരണമാണ് നമ്മുടെ മടിയെ അകറ്റുന്നത്. തനിക്കു പലതും ചെയ്യാനുണ്ട് അഥവാ പഠിക്കാനുണ്ട് എന്ന ബോധ്യമുണ്ടായിട്ടുകൂടി പിന്നെയും പഠിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അലസതയുടെ ലക്ഷണം.അലസത കൂടുതൽ അലസതക്കുള്ള ഇന്ധനമാണ്. പ്രവർത്തനം കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനവും.എന്തെങ്കിലുമൊക്കെ പ്രവർത്തിച്ചു തുടങ്ങാതെ മടി മാറ്റാൻ കഴിയില്ല.നാം അടുത്തദിവസത്തേക്കു മാറ്റിവെക്കുന്ന കാര്യങ്ങളിൽ ഒന്നെങ്കിലും ഇന്ന് തന്നെ ചെയ്തുതീർക്കാൻ ഒന്ന് ശ്രമിച്ചു നോക്കൂ.ചെറിയ ശ്രമങ്ങൾ വിജയിക്കുമ്പോൾ കൂടുതൽ ശ്രമിക്കാനുള്ള പ്രചോദനമാകും.ഒരു വർഷത്തിന് ശേഷം ഇതേ ദിവസം ചിലപ്പോൾ നിങ്ങൾ ചിന്തിക്കാം നേരത്തെ ചെയ്തുതുടങ്ങിയിരുന്നുവെങ്കിൽ എന്ന്. നഷ്ടപ്പെട്ടുപോയ പ്രയത്നങ്ങളെകുറിച്ചോർത്തു നാളെകളിൽ പരിതപിക്കാതിരിക്കാൻ ഇന്നേ തുടങ്ങുക. തുടങ്ങാൻ നല്ല സമയം എന്നൊന്നില്ല. ഒരു നല്ല തുടക്കം കുറിക്കാൻ ഏറ്റവും നല്ല സമയം ഈ നിമിഷമാണ്, ദാ ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ള നിമിഷം.
ഒരു പഠിതാവിന്റെ മുമ്പിൽ എപ്പോഴും ഒരു ലക്ഷ്യമുണ്ടാവണം. ഈ ലക്ഷ്യമാണ് അലസത അകറ്റി അറിവ് നേടാൻ പ്രേരിപ്പിക്കുന്നത്. വലിയ ലക്ഷ്യത്തിൽ എത്തുന്നതിനുമുമ്പ് ചെറിയ ലക്ഷ്യങ്ങൾ സാക്ഷാദ്ക്കരിക്കുക. അതിനിടയിൽ വിശ്രമവും ആവശ്യമാണ്. എന്നാൽ വിശ്രമം പിന്നീടുള്ള പ്രവർത്തങ്ങൾക്കുള്ള ഊർജം സംഭരിക്കാൻ ഉതകുന്നതാവണം. താൽക്കാലിക സുഖങ്ങളോടുള്ള അഭിനിവേശമാണ് പലപ്പോഴും നമ്മെ മടിയന്മാരാകുന്നത്.താൽക്കാലിക സുഖകൾക്കു പിന്നാലെ പോകുന്നവർ ആത്യന്തികമായ ദുഃങ്ങളിലേക്കാവും ചെന്നെത്തുക.എന്നാൽ താൽക്കാലിക റിസ്‌കുകൾ അഥവാ ഉദ്യമങ്ങൾ എക്കാലവും ആസ്വാദ്യമായ ജീവിതം കെട്ടിപ്പടുക്കാൻ അനിവാര്യമായ അടിസ്ഥാന ശിലയൊരുക്കും. അതിനാൽ അലസത വെടിഞ്ഞു മുന്നേറുക, ആത്മവിശ്വാസത്തോടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ